ഫുട്പാത്തുകളിലെ അനധികൃത ട്രക്ക് പാർക്കിംഗിനെതിരെ പരിശോധന ശക്തമാക്കി മനാമ ക്യാപിറ്റൽ മുൻസിപ്പാലിറ്റി


പ്രദീപ് പുറവങ്കര

മനാമ: തലസ്ഥാനത്തെ കാൽനടപ്പാതകളിൽ അനധികൃതമായി ട്രക്കുകളും വലിയ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനെതിരെ ക്യാപിറ്റൽ മുൻസിപ്പാലിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സംയുക്തമായി പരിശോധനാ ക്യാമ്പെയ്ൻ ആരംഭിച്ചു. കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും പൊതു സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ വ്യാപകമായതിനെത്തുടർന്നാണ് നടപടി.

പൊതുനിരത്തുകൾ കൈയ്യേറുന്നത് തടയുന്നതിനുള്ള 1996-ലെ രണ്ടാം നമ്പർ ലെജിസ്ലേറ്റീവ് ഡിക്രി പ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്. മുൻസിപ്പൽ നിബന്ധനകൾ ലംഘിച്ച് ഫുട്പാത്തുകളിൽ പാർക്ക് ചെയ്യുന്ന ട്രക്കുകൾ, ട്രെയിലറുകൾ, പൊതു ഗതാഗത വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്ക് 20 മുതൽ 100 ബഹ്‌റൈനി ദീനാർ വരെ പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും.

വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ രാജ്യത്ത് ലഭ്യമാണെങ്കിലും, പാർക്കിംഗ് ഫീസ് ഒഴിവാക്കാനായി പല ഡ്രൈവർമാരും വാഹനം ഫുട്പാത്തുകളിൽ കൊണ്ടുപോയി ഇടുകയാണ് ചെയ്യുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം റോഡ് ഇൻഫ്രാസ്ട്രക്ചറിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു.

ജനവാസ മേഖലകളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുൻപ് നടപ്പിലാക്കിയ ക്യാമ്പെയ്‌നുകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. മുൻപ് ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ വീടുകൾക്ക് സമീപം പാർക്ക് ചെയ്യുന്നതും നിരോധിച്ചിരുന്നു. വാഹനാപകട സാധ്യതകൾ, ശബ്ദമലിനീകരണം, റോഡുകളുടെ തകർച്ച എന്നിവ മുൻനിർത്തി ഇത്തരം ലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് പാർലമെന്റ് അംഗങ്ങളും കൗൺസിലർമാരും ആവശ്യപ്പെട്ടിരുന്നു. ട്രാഫിക് പോലീസുമായി സഹകരിച്ച് വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed