സിവിൽ ഗതാഗത സംവിധാനങ്ങൾക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സുപ്രധാന സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. പൗരന്മാരുടെ ജീവന് നേരിട്ട് ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെയും പരസ്യമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിന് (FIR) കീഴിലുള്ള സിവിൽ ഏവിയേഷൻ നാവിഗേഷൻ ഉപകരണങ്ങളെയും വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളെയുമാണ് ഡ്രോൺ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഇത്തരം നിർണായക ഗതാഗത സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും ഇത് ഷിക്കാഗോ കൺവെൻഷൻ, ഐസിഎഒ (ICAO) ചട്ടങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മേഖലയിലേക്ക് എത്തിയ ശത്രുതാപരമായ വ്യോമാക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ (BDF) എയർ ഡിഫൻസ് വിഭാഗത്തെ മന്ത്രാലയം അഭിനന്ദിച്ചു. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശം ബഹ്‌റൈനുണ്ടെന്ന് പ്രസ്താവനയിൽ അടിവരയിട്ടു പറഞ്ഞു.

ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് അടിയന്തിരമായി അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യുഎൻ രക്ഷാസമിതിയോടും ബഹ്‌റൈൻ വീണ്ടും ആവശ്യപ്പെട്ടു. വ്യോമ-സമുദ്ര ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും, ഉണ്ടായ നാശനഷ്ടങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം ഇറാന് പൂർണ്ണ നിയമപരവും സാമ്പത്തികവുമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

article-image

cvxxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed