മുഖ്യമന്ത്രി വിജയ്ക്കെതിരെ വധഭീഷണി; ഡി.എം.കെ എം.എൽ.എ മാർക്കണ്ഡേയൻ അറസ്റ്റിൽ
ഷീബ വിജയൻ
തൂത്തുക്കുടി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡി.എം.കെ എം.എൽ.എ ജി.വി. മാർക്കണ്ഡേയനെ തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കോവിൽപട്ടിയിൽ നടന്ന ഒരു നന്ദി പ്രകാശന യോഗത്തിനിടെയാണ് വിളാത്തികുളം നിയോജക മണ്ഡലത്തിലെ എം.എൽ.എയായ മാർക്കണ്ഡേയൻ മുഖ്യമന്ത്രിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. തമിഴക വെട്രി കഴകം അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി വിജയിന്റെ അസ്ഥികൾ നിയമസഭക്കുള്ളിൽ വെച്ച് തല്ലിയൊടിക്കുമെന്ന രീതിയിലായിരുന്നു എം.എൽ.എയുടെ പ്രകോപനപരമായ പ്രസംഗം. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണിയെ തുടർന്ന് തമിഴക വെട്രി കഴകം നോർത്ത് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. കാസിരാമൻ തൂത്തുക്കുടി എസ്.പി അഭിഷേക് ഗുപ്തയ്ക്ക് നേരിട്ട് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ (BNS) വിവിധ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെയോടെ വലിയ പൊലീസ് സന്നാഹവുമായി ക്രൈംബ്രാഞ്ച് സംഘം മാർക്കണ്ഡേയന്റെ വസതിയിലെത്തി. എം.എൽ.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമറിഞ്ഞ് നൂറുകണക്കിന് ഡി.എം.കെ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടുകയും പൊലീസുമായി കടുത്ത വാക്കേറ്റത്തിലും പ്രതിഷേധത്തിലും ഏർപ്പെടുകയും ചെയ്തു.
ഡി.എം.കെ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം മറികടന്ന്, ഡി.സി.ബി ഇൻസ്പെക്ടർ പി. ജാനകിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാർക്കണ്ഡേയനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കനത്ത സുരക്ഷയിൽ അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിനായി എസ്.പി ഓഫീസിലേക്ക് മാറ്റി. നിലവിൽ അവിടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രാഷ്ട്രീയ പിരിമുറുക്കമാണ് നിലനിൽക്കുന്നത്.
Aasasas

