നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ
ഷീബ വിജയൻ
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 10-ഓടെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാകും. 2014 മേയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി, ജൂൺ 10-ഓടെ അധികാരത്തിൽ 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ൽ അന്തരിക്കുന്നത് വരെ 4,398 ദിവസങ്ങൾ തുടർച്ചയായി അധികാരത്തിലിരുന്ന നെഹ്റുവിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാകുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ഭരണകാലയളവിനെ 2025 ജൂലൈ 25-ന് തന്നെ അദ്ദേഹം മറികടന്നിരുന്നു. ഇന്ദിരാഗാന്ധി 4,077 ദിവസങ്ങളായിരുന്നു തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്നത്.
നെഹ്റു രാജ്യത്തെ നയിക്കുന്ന ആദ്യ കാലത്ത് ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 34 കോടിയായിരുന്നുവെങ്കിൽ ഇന്ന് അത് 146 കോടിയിലധികമായി ഉയർന്നു. രണ്ട് കാലഘട്ടങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. 1952-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ആധിപത്യം പുലർത്തിയ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു നെഹ്റു ഭരണം നടത്തിയതെങ്കിൽ, ഇന്ന് ശക്തമായ പ്രാദേശിക പാർട്ടികളും സഖ്യകക്ഷി രാഷ്ട്രീയവും നിറഞ്ഞ മത്സരബുദ്ധിയുള്ള സാഹചര്യമാണുള്ളത്. തുടർച്ചയായി രണ്ട് തവണ പൂർണ ഭൂരിപക്ഷത്തോടെ ഭരണം പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയും, നെഹ്റുവിന് ശേഷം ഭരണത്തിലിരിക്കെ തുടർച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകൾ ജയിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി. മുൻപ് മാധ്യമങ്ങളുടെയോ സോഷ്യൽ മീഡിയയുടെയോ വലിയ സ്വാധീനമില്ലാത്ത കാലത്തായിരുന്നു നെഹ്റുവിന്റെ ഭരണമെങ്കിൽ, ഇന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ 24 മണിക്കൂറുമുള്ള കടുത്ത നിരീക്ഷണത്തിലാണ് മോദി സർക്കാർ മുന്നോട്ടു പോകുന്നത്.
്േ്്ോ്േോ്േോേ

