കുടുംബനാഥൻ മരിച്ചാൽ വിവാഹിതയായ മകൾക്കും ആശ്രിത നിയമനം നൽകാം: സുപ്രീം കോടതി
ഷീബ വിജയൻ
ന്യൂഡൽഹി: കുടുംബനാഥൻ മരണപ്പെട്ടാൽ നൽകുന്ന ആശ്രിത നിയമനത്തിനുള്ള അർഹതയിൽ നിന്ന് വിവാഹിതരായ മക്കളെ ഒഴിവാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ആശ്രിതരുടെ നിർവചനത്തിൽ നിന്ന് വിവാഹിതയായ മകളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും നീതീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. വിവാഹിതരായ മകൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി. റേഷൻ കട ഉടമയായിരുന്ന അമ്മയുടെ മരണത്തെ തുടർന്ന് ആശ്രിത ക്വാട്ടയിൽ ലൈസൻസ് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ വനിത സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ ചരിത്രപരമായ ഇടപെടൽ.
വിവാഹം കഴിക്കുന്നതോടെ മകൾക്ക് സ്വന്തം കുടുംബവുമായുള്ള ബന്ധം അവസാനിക്കുന്നുവെന്ന ധാരണ ഭരണഘടനാപരമായി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു. വിവാഹശേഷവും മാതാപിതാക്കളെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന നിരവധി പെൺകുട്ടികൾ ഇന്നത്തെ സാമൂഹിക സാഹചര്യത്തിലുണ്ട്. വിവാഹിതനായ മകനെ കുടുംബത്തിന്റെ ഭാഗമായി നിലനിർത്തുകയും മകളെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് ലിംഗവിവേചനവും മുൻവിധിയുമാണ്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരി വിവാഹശേഷവും സ്വന്തം ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്നും കാഴ്ചപരിമിതിയുള്ള സഹോദരി ഉൾപ്പെടെയുള്ളവരുടെ സംരക്ഷണം ഏറ്റെടുത്തത് അവരാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിവാഹിത എന്ന ഒറ്റക്കാരണം പറഞ്ഞ് അപേക്ഷ തള്ളിയ അധികൃതരുടെ നടപടി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി അടിയന്തര നടപടിക്ക് നിർദ്ദേശിച്ചു.
qwaqAAA

