കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം: പുതിയ സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം: വടകര ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ വിവാദ കേസുകൾ അന്വേഷിക്കാൻ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഇടത് സർക്കാരിന്റെ കാലത്ത് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി പോലീസ് നേരത്തെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് നടന്ന ഭരണമാറ്റത്തിന് പിന്നാലെയാണ് കേസിൽ ഇപ്പോൾ പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയിരുന്നു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുക. വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ് അടക്കമുള്ള ഉദ്യോഗസ്ഥരും സൈബർ സെൽ വിദഗ്ധരും സംഘത്തിലുണ്ട്. വർഗീയ ധ്രുവീകരണ ശ്രമം, വ്യാജ സന്ദേശം നിർമ്മിച്ച് സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിക്കൽ എന്നിവ മുൻനിർത്തി വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് സംഘം അന്വേഷിക്കുക. അന്വേഷണ പുരോഗതി വിലയിരുത്തി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി റവഡ ചന്ദ്രശേഖർ നിർദ്ദേശം നൽകിയിട്ടുണ്ട്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഈ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം അയച്ചതെന്ന രീതിയിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് പിന്നീട് ഡി.വൈ.എഫ്.ഐ നേതാവിലേക്കും 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കൾ' തുടങ്ങിയ ഇടത് പേജുകളിലേക്കും എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ് മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകി പിന്മാറുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടുകൾ വീണ്ടും ശേഖരിച്ച് ശക്തമായ തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.

article-image

sxsdasadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed