ചില്ലറ ക്ഷാമത്തിന് പരിഹാരം: ചെറിയ നോട്ടുകളും നാണയങ്ങളും നൽകുന്ന 'ഹൈബ്രിഡ് എ.ടി.എമ്മുകൾ' വരുന്നു
ശാരിക l ദേശീയം l മുംബൈ:
രാജ്യത്തെ ദൈനംദിന പണമിടപാടുകളിലെ ചില്ലറ ക്ഷാമം പരിഹരിക്കുന്നതിനായി 'ഹൈബ്രിഡ് എ.ടി.എമ്മുകൾ' എന്ന പുതിയ സംവിധാനം അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പത്തു രൂപ, ഇരുപതു രൂപ, അമ്പതു രൂപ തുടങ്ങിയ ചെറിയ തുകയുടെ നോട്ടുകളും നാണയങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നോട്ട് നിരോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സാധാരണക്കാർ നേരിടുന്ന കറൻസി ക്ഷാമത്തിന് പരിഹാരം കാണാനാണ് ഈ നീക്കം.
ഈ പുതിയ ഹൈബ്രിഡ് എ.ടി.എമ്മുകളിലൂടെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നൽകി ചെറിയ തുകയുടെ നോട്ടുകളായും നാണയങ്ങളായും മാറ്റിയെടുക്കാൻ സാധിക്കും. ഉദാഹരണത്തിന് 500 രൂപയുടെ നോട്ട് മെഷീനിൽ നിക്ഷേപിച്ചാൽ 10 രൂപയുടെ 50 നോട്ടുകൾ തിരികെ ലഭിക്കുന്ന രീതിയിലാണിത്. നിലവിലുള്ള പണം നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സൗകര്യത്തോടൊപ്പം നാണയങ്ങൾ കൂടി വിതരണം ചെയ്യുമെന്നതാണ് ഈ മെഷീന്റെ പ്രത്യേകത. നിലവിൽ മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ റിസർവ് ബാങ്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്.
മുംബൈയിലെ പരീക്ഷണം അവലോകനം ചെയ്ത ശേഷം വരും ആഴ്ചകളിൽ രാജ്യമൊട്ടാകെ ഇത്തരം എ.ടി.എമ്മുകൾ സ്ഥാപിക്കാനാണ് തീരുമാനം. മാർക്കറ്റുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഇവയ്ക്ക് മുൻഗണന നൽകുക. പലചരക്ക് കടകളിലും ബസ് യാത്രകളിലും 500 രൂപ നോട്ടുകൾക്ക് ചില്ലറ ലഭിക്കാത്തത് മൂലം ഇടപാടുകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. ഡിജിറ്റൽ ഇടപാടുകൾ സാധ്യമല്ലാത്ത ഗ്രാമീണ മേഖലകളിലും സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത സാധാരണക്കാർക്കും കൂലിപ്പണിക്കാർക്കും പുതിയ പദ്ധതി വലിയ ആശ്വാസമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
sdfds


