ജിയോസ്റ്റാറിനെതിരായ സി.സി.ഐ അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി
ശാരിക l ദേശീയം l ന്യൂഡല്‍ഹി
കേരളത്തിലെ കേബിള്‍ ടിവി വിപണിയില്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിന് എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പ്രഖ്യാപിച്ച അന്വേഷണം സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജിയോസ്റ്റാറിന്‍റെ ഹര്‍ജി തള്ളിയത്. കേരളത്തിലെ പ്രമുഖ കേബിള്‍ നെറ്റ്‌വര്‍ക്കായ ഏഷ്യാനെറ്റ് ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കാണ് ജിയോസ്റ്റാറിനെതിരെ സിസിഐയെ സമീപിച്ചത്. പ്രമുഖ സ്‌പോര്‍ട്‌സ് ചാനലുകളുടെയും വിനോദ ചാനലുകളുടെയും കുത്തകാവകാശമുള്ള ജിയോസ്റ്റാര്‍, കേരളത്തില്‍ തങ്ങളുടെ വിപണി സ്വാധീനം ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രധാന ആരോപണം.
മറ്റൊരു കേബിള്‍ വിതരണക്കാരായ കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ ലിമിറ്റഡിന് ജിയോസ്റ്റാര്‍ 50 ശതമാനത്തിലധികം ഡിസ്‌കൗണ്ട് നല്‍കിയെന്നും, ഇതിനായി കൃത്രിമ മാര്‍ക്കറ്റിംഗ് കരാറുകള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇത് മറ്റ് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്നാണ് ഏഷ്യാനെറ്റിന്‍റെ വാദം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ട്രായ് നിയമങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സിസിഐക്ക് ഇതില്‍ അധികാരമില്ലെന്നുമുള്ള ജിയോസ്റ്റാറിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ കേരള ഹൈക്കോടതിയും സിസിഐ അന്വേഷണം ശരിവെച്ചിരുന്നു.
jhjh


