കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡർ’ സുനിലും സഹായിയും പിടിയിൽ; വള്ളികുന്നത്തെ മോഷണ പരമ്പരയ്ക്ക് അന്ത്യം
ശാരിക I കേരളം I കായംകുളം
വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിലായി. കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്. വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. സമാന രീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്. നാല്പതോളം വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്ന ശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു. തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ സന്ധ്യയോടു കൂടി തന്‍റെ ബുള്ളറ്റിൽ ചുറ്റിനടന്ന് വീടുകൾ കണ്ടുവച്ചതിനു ശേഷം അവിടെ കയറിയായിരുന്നു മോഷണം. രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി ക്യാമറകളിൽ പതിയും എന്നുള്ളതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയുമാണ് സഞ്ചാരം.
ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കൈയിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് സ്പൈഡർ സുനിലിന്‍റെ രീതിയെന്നും പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നും ഏകദേശം മുപ്പതോളം കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുള്ളതായി തെളിഞ്ഞു. കൂട്ടുപ്രതിയായ സുഹൃത്ത് ജിതേഷ് തന്നെ മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്. സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തു നിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികുടിയത്.
jghjg


