സക്സേന നൽകിയ അപകീർത്തിക്കേസ്: മേധാ പട്കറെ കോടതി കുറ്റമുക്തയാക്കി
ശാരിക l ദേശീയം l ന്യൂഡല്‍ഹി:
ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന രണ്ട് പതിറ്റാണ്ട് മുമ്പ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ഡല്‍ഹി കോടതി കുറ്റമുക്തയാക്കി. വി.കെ. സക്‌സേനയെക്കുറിച്ച് മേധാ പട്കര്‍ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി സാകേത് കോടതിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ്മയുടേതാണ് ഈ സുപ്രധാന ഉത്തരവ്.
2006-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍ജിഒയുടെ തലവനായിരുന്നു സക്സേന. തനിക്കും നര്‍മദാ ബച്ചാവോ ആന്തോളനും എതിരെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനക്കെതിരെ മേധാ പട്കര്‍ നേരത്തെ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ടിവി പരിപാടിയിലൂടെ മേധ പട്കര്‍ തനിക്കെതിരെ മാനഹാനിയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സക്സേന കോടതിയെ സമീപിച്ചത്.
ഈ കേസില്‍ മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് 2024 മേയ് മാസത്തില്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് കോടതി ഇപ്പോൾ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മേധാ പട്കറുടെ പരാമര്‍ശങ്ങള്‍ സക്സേനയുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ളതാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി അവരെ കുറ്റവിമുക്തയാക്കിയത്.
്േി്േി


