പാരിസ്ഥിതിക മേഖലയിലെ മഹത്തായ സംഭാവനകൾക്ക് ദേവകി അമ്മയ്ക്ക് പത്മശ്രീ
ശാരിക l ദേശീയം l ന്യൂഡൽഹി:
പരിസ്ഥിതി സംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ആലപ്പുഴ മുതുകുളം സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. അൺസംഗ് ഹീറോസ് (Unsung Heroes) വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ അംഗീകാരം. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാരവും നേരത്തെ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമിയിൽ 'തപസ്വനം' എന്ന പേരിൽ ഒരു വനം തന്നെ ദേവകി അമ്മ നിർമ്മിച്ചെടുത്തു. മൂവായിരത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളും നിറഞ്ഞ ഈ മനുഷ്യനിർമ്മിത വനം പതിറ്റാണ്ടുകളായുള്ള ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. പരിസ്ഥിതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഈ തപസ്യയ്ക്കുള്ള വലിയ അംഗീകാരമായാണ് പത്മശ്രീ എത്തിയിരിക്കുന്നത്.
ദേവകി അമ്മയെ കൂടാതെ ഇത്തവണ ഈ വിഭാഗത്തിൽ 45 പേർക്ക് പത്മശ്രീ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ചിത്രകാരൻ നീലഗിരി സ്വദേശി ആർ. കൃഷ്ണന് മരണാനന്തര ബഹുമതിയായും പുരസ്കാരം നൽകി. അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ബുദ്രി താതി (ഛത്തീസ്ഗഡ്) തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖരും പത്മശ്രീ പട്ടികയിൽ ഇടംപിടിച്ചു.


