ലൈസൻസ് റദ്ദാക്കൽ: ധൃതിപിടിച്ച് തീരുമാനമില്ലെന്ന് ഗണേഷ് കുമാർ


ശാരിക l കേരളം l തിരുവനന്തപുരം:

വർഷത്തിൽ അഞ്ചോ അതിലധികമോ തവണ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന ചട്ട ഭേദഗതിയിൽ സംസ്ഥാനത്തിന്റെ നിലപാട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ അന്തിമ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും കേന്ദ്ര നിയമത്തിലെ ഭേദഗതികൾ കൃത്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ കേരളത്തിൽ നടപ്പിലാക്കൂ എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സാധാരണക്കാരായ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കുകയുള്ളൂ എന്ന് ഉറപ്പുനൽകിയ മന്ത്രി, അപകടങ്ങൾ കുറയ്ക്കാൻ നിയമങ്ങൾ കർശനമാക്കേണ്ടത് അത്യാവശ്യമാണെങ്കിലും കേന്ദ്ര നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കില്ലെന്നും കൂട്ടിച്ചേർത്തു.

കേന്ദ്ര നിയമങ്ങളിലെ വ്യവസ്ഥകൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ച് വിശദമായ പഠനവും ചർച്ചയും നടത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed