എസ്. രാജേന്ദ്രനെതിരെ ഭീഷണി സ്വരവുമായി എം.എം. മണി
ശാരിക l കേരളം l തിരുവനന്തപുരം
എസ്. രാജേന്ദ്രന്റെ ബി.ജെ.പി പ്രവേശനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സി.പി.എം നേതാവ് എം.എം. മണി രംഗത്തെത്തി. പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും ഉണ്ട ചോറിന് നന്ദി കാണിക്കണമെന്നുമാണ് മണി ഇടുക്കിയിൽ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും 15 വർഷം എം.എൽ.എയായും പാർട്ടിയാണ് രാജേന്ദ്രനെ വളർത്തിയത്. ജനിച്ചപ്പോൾ മുതൽ ഒരാളെ ചുമന്നുനടക്കാനുള്ള ബാധ്യത പാർട്ടിക്കില്ലെന്നും ബി.ജെ.പിയിലോ ആർ.എസ്.എസിലോ ചേർന്നാൽ തങ്ങൾക്ക് ഒരു കോപ്പുമില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. പെൻഷനടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദേവികുളം മുൻ എം.എൽ.എയായ എസ്. രാജേന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നത്. ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ സി.പി.എമ്മിന്റെ മുഖമായിരുന്ന അദ്ദേഹം 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളത്ത് നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും അംഗത്വം പുതുക്കി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് പ്രകാശ് ജാവദേക്കർ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി അദ്ദേഹം ബി.ജെ.പി പാളയത്തിലെത്തിയത്.
sdfsf


