ബഹ്‌റൈനിൽ മഴ തുടരുന്നു; താപനില കുറഞ്ഞു, ജാഗ്രതാ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴ തുടരുന്നു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴ ഇടവിട്ട് പെയ്ത് പുലർച്ചെ വരെ നീണ്ടുനിന്നു. അർദ്ധരാത്രിയോടെ മഴ ശക്തമായതായും ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. വരാനിരിക്കുന്ന വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ ചിതറിയ മഴ ലഭിച്ചേക്കാം. മഴയ്‌ക്കൊപ്പം താപനിലയിൽ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴാനും പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസ് വരെയാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും പുലർച്ചെയും തണുത്ത കാലാവസ്ഥ അനുഭവപ്പെടും.

മണിക്കൂറിൽ 7 മുതൽ 12 നോട്ട് വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇത് 15 മുതൽ 20 നോട്ട് വരെ ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

article-image

scvsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed