പൊതുചടങ്ങിൽ ഡോക്ടറുടെ നിഖാബ് വലിച്ചു താഴ്ത്തി നിതീഷ് കുമാർ; വിവാദം കത്തുന്നു
ഷീബ വിജയ൯
പട്ന: പൊതുചടങ്ങിൽ പങ്കെടുത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രവൃത്തി വിവാദമാകുന്നു. പുതുതായി നിയമനം ലഭിച്ച ഒരു ആയുഷ് ഡോക്ടറുടെ നിഖാബാണ് സ്റ്റേജിൽവെച്ച് നിതീഷ് കുമാർ വലിച്ചു താഴ്ത്തിയത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയപ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ 'സംവാദ്' പരിപാടിയിൽ 1,000-ത്തിലധികം ആയുഷ് ഡോക്ടർമാർക്ക് നിയമനം നൽകിയിരുന്നു. ഹിജാബ് ധരിച്ച ഡോക്ടർ കത്ത് വാങ്ങാൻ വേദിയിൽ കയറിയപ്പോൾ മുഖ്യമന്ത്രി അവരെ നോക്കി "ഇത് എന്താണ്" എന്ന് ചോദിക്കുകയും അൽപ്പം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു. പരിഭ്രാന്തയായ ഡോക്ടറെ സമീപം നിന്നിരുന്ന ഒരു ഉദ്യോഗസ്ഥ തിടുക്കത്തിൽ മാറ്റി നിർത്തി. അതിനിടെ, നിതീഷ് കുമാറിൻ്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, നിതീഷിൻ്റെ കൈയിൽ പിടിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആർ.ജെ.ഡി., കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നു. ജെ.ഡി. (യു.) നേതാവായ നിതീഷ് കുമാറിൻ്റെ മാനസിക നില തെറ്റിയതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഈ സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു. "ഒരു സ്ത്രീയുടെ ഹിജാബ് ഊരിമാറ്റാൻ ശ്രമിക്കുന്നത് തീർച്ചയായും നല്ലതല്ല. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൻ്റെ ദുഃഖകരമായ പ്രതിഫലനമാണിത്" എന്ന് ആർ.ജെ.ഡി. വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. അതേസമയം, സ്ത്രീ ശാക്തീകരണത്തിനും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടി നിതീഷ് കുമാർ ചെയ്ത കാര്യങ്ങൾ കാണണമെന്നും പ്രതിപക്ഷം അനാവശ്യമായി തെറ്റായ ദൃശ്യം പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട് ജെ.ഡി. (യു.) വക്താവ് നീരജ് കുമാർ പറഞ്ഞു.
asssaas
