കിഫ്ബിക്ക് ആശ്വാസം; മസാല ബോണ്ട് കേസിലെ ഇ.ഡി. നോട്ടീസിന് ഹൈക്കോടതി സ്റ്റേ
ഷീബ വിജയ൯
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) നോട്ടീസിലുള്ള തുടർനടപടികൾ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ.ഡി. അഡ്‌ജ്യൂഡിക്കേറ്റിംഗ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഇ.ഡിക്ക് നോട്ടീസ് നൽകി. കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് കോടതിയിൽ ഹാജരായത്.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നാണ് ഇ.ഡി.യുടെ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി എന്നിവർക്ക് ഇ.ഡി. മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
റിയൽ എസ്റ്റേറ്റ് ഇടപാടല്ല, മറിച്ച് വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറൽ വാദിച്ചു. സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കിഫ്ബിയുടെ നിലപാട്. വിശദമായ മറുപടി ആവശ്യപ്പെട്ട് ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.
assaads
