മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ അന്തരിച്ചു
ശാരിക / ന്യൂഡൽഹി
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ഇന്ന് രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.
ശിവരാജ് പാട്ടീൽ 1980-ലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. ഇന്ദിരാഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളിൽ അദ്ദേഹം അംഗമായിരുന്നു. ലോക്‌സഭയിലേക്ക് തുടർച്ചയായി ഏഴു തവണ ലാത്തൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
2008-ലെ മുംബൈ ഭീകരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജി വെച്ചത് ശ്രദ്ധേയമായിരുന്നു.
കേന്ദ്രമന്ത്രി പദവികൾ കൂടാതെ, ലോക്‌സഭാ സ്പീക്കർ, പഞ്ചാബ് ഗവർണർ, ചണ്ഡിഗഢ് അഡ്മിനിസ്‌ട്രേറ്റർ, മഹാരാഷ്ട്ര മന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ 2015 മുതൽ അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
dsdsgd
