നടി ആക്രമിക്കപ്പെട്ട കേസ്; ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് പ്രതികൾ
ശാരിക / കൊച്ചി
നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഈ കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചത്. കുറ്റകൃത്യത്തിൽ ഓരോരുത്തർക്കുമുള്ള പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന്, ഗൂഢാലോചന തെളിയിക്കപ്പെട്ടാൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമായിരിക്കും എന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.
യഥാർഥ പ്രതി പൾസർ സുനി ആണെങ്കിലും, മറ്റു പ്രതികൾ കുറ്റകൃത്യത്തിന്റെ ഭാഗമായതിനാൽ എല്ലാവർക്കും ഒരേ ശിക്ഷ നൽകണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ വികാരഭരിതരായി അപേക്ഷിച്ചു. ഒന്നാം പ്രതിയായ പൾസർ സുനി, വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്ന് അഭ്യർഥിച്ചു.
രണ്ടാം പ്രതി മാർട്ടിൻ, താൻ ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരിൽ മുൻപ് ഒരു പെറ്റിക്കേസ് പോലും ഇല്ലെന്നും കോടതിയെ അറിയിച്ചു. മൂന്നാം പ്രതി മണികണ്ഠൻ, തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും വാദിക്കുകയും, ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ശിക്ഷാ ഇളവ് അഭ്യർഥിക്കുകയും ചെയ്തു.
നാലാം പ്രതി വിജീഷ്, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും തന്റെ നാട് തലശ്ശേരി ആയതിനാൽ കണ്ണൂർ ജയിലിൽ ആക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാൾ സലിം, താൻ തെറ്റ് ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും കോടതിയിൽ പറഞ്ഞു. ആറാം പ്രതിയായ പ്രദീപും കോടതി മുറിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ശിക്ഷയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചു.
