രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി; പോളിംഗിൽ വയനാട് മുന്നിൽ
ശാരിക / തൃശൂർ
സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ 75.85 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെ അവസാനിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലായാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ(77.34 ശതമാനം) പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ (71.88 ശതമാനം) ആണ് പോളിംഗിൽ ഏറ്റവും പിന്നിൽ. പാലക്കാട് 75.6 ശതമാനം, മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂർ 75.73 ശതമാനം, കാസർഗോഡ് 74.03 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിംഗ്.
ഇതോടെ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. ഡിസംബർ 13ന് ആണ് ഫലപ്രഖ്യാപനം.
sfgsg
