ഗോവയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പടക്കങ്ങൾക്കും കരിമരുന്ന് പ്രയോഗങ്ങൾക്കും നിരോധനം
ശാരിക / പനാജി
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, ഉത്തര ഗോവ ജില്ലാ ഭരണകൂടം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പടക്കങ്ങൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ നിരോധിച്ച് ഉത്തരവിറക്കി. ഡിസംബർ ആറിന് അർദ്ധരാത്രിയോടെ അർപോറയിലെ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിൽ തീപിടിത്തമുണ്ടായതിനെത്തുടർന്നുള്ള മുൻകരുതൽ നടപടിയായാണ് ഈ കർശന നിയന്ത്രണം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023-ലെ സെക്ഷൻ 163 പ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിശാക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, റിസോർട്ടുകൾ, വിനോദ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഉത്തര ഗോവയിലുടനീളമുള്ള വിനോദസഞ്ചാര സ്ഥാപനങ്ങൾക്കുള്ളിൽ പടക്കങ്ങൾ, സ്പാർക്ക്ലറുകൾ, കരിമരുന്ന് പ്രയോഗങ്ങൾ, തീ ഉയരുന്ന തരത്തിലുള്ള ഉപകരണങ്ങൾ, സ്മോക് ജനറേറ്ററുകൾ എന്നിവയുടെ ഉപയോഗമാണ് നിരോധിച്ചത്.
അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ടൂറിസ്റ്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിനായി പ്രമോദ് സാവന്ത് ഗോവ ജില്ലാ ഭരണകൂടങ്ങൾ, പോലീസ്, സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ എന്നിവരുമായി ഉന്നതതല യോഗം ചേർന്നു.
അനധികൃത നിർമ്മാണത്തിൻ്റെ പേരിൽ പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് ഡിസംബർ ആറിന് തീപിടിത്തമുണ്ടായത്. സംഭവത്തെത്തുടർന്ന്, റോമിയോ ക്ലബ്ബിന്റെ തന്നെ ഉടമസ്ഥതയിലുള്ള സമാനമായി പ്രവർത്തിക്കുന്ന രണ്ട് നിശാ ക്ലബ്ബുകൾ അധികൃതർ തിങ്കളാഴ്ച പൂട്ടിച്ചിരുന്നു. കൂടാതെ, ക്ലബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ്ബ് കൂടി പൊളിച്ചുമാറ്റാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
തീപിടിത്തം ഉണ്ടായതിന് പിന്നാലെ ലുത്ര സഹോദരങ്ങൾ രാജ്യം വിട്ടിരുന്നു. എന്നാൽ, ഇരുവരെയും ഫുക്കറ്റിൽ നിന്ന് പിടികൂടി. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടാകുമ്പോൾ ഇരുവരും ഡൽഹിയിലെ വസതിയിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
sdfsdf
