കടബാധ്യത തീർക്കാതെ രാജ്യംവിടുന്ന വിദേശ നിക്ഷേപകർക്ക് തടയിടാൻ നിയമനിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം


പ്രദീപ് പുറവങ്കര / മനാമ

രാജ്യത്തെ ബാധ്യതകൾ പൂർണ്ണമായും അടച്ചുതീർക്കാതെ വിദേശ നിക്ഷേപകരും ഫ്ലെക്സി-വിസ തൊഴിലാളികളും സ്ഥിരമായി രാജ്യം വിടുന്നത് തടയുന്നതിനുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിയമനിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. അടച്ചുതീർക്കാത്ത കടങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും നിക്ഷേപ അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുകയും ആയിരക്കണക്കിന് പ്രാദേശിക ബിസിനസുകൾക്ക് ദോഷം വരുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.

സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, കെട്ടിട ഉടമകൾ, സ്വകാര്യ കമ്പനികൾ എന്നിവർക്ക് നൽകാനുള്ള കടങ്ങൾ കുമിഞ്ഞുകൂട്ടി നിരവധി പ്രവാസി ബിസിനസ് ഉടമകളും ഫ്ലെക്സി തൊഴിലാളികളും പെട്ടെന്ന് രാജ്യംവിടുന്നത് ഒരു വർധിച്ചുവരുന്ന പ്രവണതയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യം സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുകയും വാണിജ്യ ഇടപാടുകളിലെ വിശ്വാസം കുറക്കുകയും ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു. പ്രാദേശിക വ്യാപാരികളും ചെറുകിട ഇടത്തരം സംരംഭങ്ങളുമാണ് ഇതിൽ ഏറ്റവും കൂടുതൽ ദുരിതത്തിലാകുന്നത്.

പ്രവാസി നിക്ഷേപകർക്ക് ബഹ്‌റൈനികളെപ്പോലെ വാണിജ്യ, ബാങ്കിങ് ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും രാജ്യംവിടുന്നതിന് നിലവിൽ കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമേയുള്ളൂ. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഫിനാൻഷ്യൽ ആൻഡ് എക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൻ എം.പി സൈനബ് അബ്ദുലാമിർ ചൂണ്ടിക്കാട്ടി. കടബാധ്യതയുള്ള വ്യക്തികൾ രാജ്യംവിടുന്നത് തടയാൻ ബഹ്‌റൈൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങൾ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പ്രാദേശിക രീതികളുമായി ബഹ്‌റൈനും ഈ നിയന്ത്രണങ്ങൾ ഏകീകരിക്കണമെന്ന് എം.പി മുഹമ്മദ് അൽ മറാഫി ആവശ്യപ്പെട്ടു.

ഈ നിയമനിർദേശത്തിൽ കടങ്ങൾ നൽകുമ്പോൾ ജാമ്യങ്ങൾ ഏർപ്പെടുത്തുക, കോമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി.ആർ) അനുവദിക്കുന്നതിന് മുമ്പുള്ള പരിശോധന നടപടികൾ ഊർജിതമാക്കുക, കരാർ ബാധ്യതകൾ നിറവേറ്റുന്നത് വരെ താൽക്കാലികമായി യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.

നിലവിൽ രാജ്യത്തെ ആകെ 85,00റൽ വാണിജ്യ രജിസ്‌ട്രേഷനുകളിൽ 29,000 എണ്ണം പ്രവാസികളുടെ ഉടമസ്ഥതയിലാണെന്ന് സർവിസ് കമ്മിറ്റി ചെയർമാൻ എം.പി മംദൂഹ് അൽ സാലിഹ് വെളിപ്പെടുത്തി. വിദേശ നിക്ഷേപകരെ നിരീക്ഷിക്കുന്നതിന് ശരിയായ നടപടിക്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പഠിച്ച ശേഷം സർക്കാർ പാർലമെന്റിന് ഔദ്യോഗിക പ്രതികരണം നൽകും. ഈ നീക്കം വിപണിയിൽ വിശ്വാസം വർധിപ്പിക്കാനും സംരംഭകത്വത്തെ പിന്തുണക്കാനും സഹായിക്കുമെന്നാണ് എം.പിമാരുടെ പ്രതീക്ഷ. തുടർ നടപടിക്കായി നിയമനിർദേശം ഇനി ശൂറാ കൗൺസിലിന് വിടും.

article-image

sdfsdf

You might also like

  • Straight Forward

Most Viewed