ഭരണഘടനയും ഭഗവദ് ഗീതയും ഒന്നു തന്നെ' വിവാദ പരാമർശവുമായി ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ; വ്യാപക വിമർശനം
ഷീബ വിജയ൯
അമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ഭഗവദ് ഗീതയെ 'ഭരണഘടനയുടെ കൈയെഴുത്തുപ്രതി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ നടന്ന ഗീത ഉത്സവപരിപാടിയിൽ സംസാരിക്കുമ്പോളായിരുന്നു വിവാദ പരാമർശം.
ശ്രീകൃഷ്ണൻ അർജുനന് നൽകുന്ന ഉപദേശം തന്നെയാണ് നമ്മുടെ ഭരണഘടനയിലും ഉൾക്കൊള്ളുന്നതെന്നും രാജ്യത്തിന്റെ ധാർമിക ദർശനം, നീതി, ക്ഷേമം, ഉത്തരവാദിത്തം, സമത്വം, നീതിപൂർവകമായ ഭരണം എന്നിവയെക്കുറിച്ചെല്ലാം ശ്രീകൃഷ്ണന്റെ ഉപദേശത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധർമം ഒരു ധാർമിക കോമ്പസാണ്; ഭരണഘടന നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണവുമായ സമൂഹത്തെയാണ് ലക്ഷ്യമിടുന്നതെന്നും പവൻ കല്യാൺ വ്യക്തമാക്കി.
പവൻ കല്യാണിന്റെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഭരണഘടനയെ കുറിച്ച് പഠിക്കാത്ത സെലിബ്രിറ്റികളാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് പ്രതികരിച്ചു. ഭരണഘടന മതേതരമാണ്, അതിൽ ധർമത്തിനല്ല സ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും പവൻ കല്യാണിനെ വിമർശിച്ചു. നിയമത്തേയും ധർമത്തേയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്നും ഭരണഘടനക്കും ധർമത്തിനും ഒന്നാകാൻ കഴിയില്ലെന്നും ഖാർഗെ വ്യക്തമാക്കി. അതേസമയം, ബി.ജെ.പി. നേതാക്കൾ പവൻ കല്യാണിനെ പിന്തുണച്ച് രംഗത്തെത്തി.
dfsdfsds
