ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജിവെച്ചു
ഷീബ വിജയ൯
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ഹൈക്കോടതി വിധി അന്തിമ വിധിയെന്നാണ് എല്ലാവരും കരുതുന്നതെന്നും എന്നാൽ ദിലീപ് നിരപരാധിയാണെന്ന് സുപ്രീം കോടതി പറയണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ സംഘടനകളിലുള്ളവർ അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നും ദിലീപിനെ നിരപരാധിയാക്കാനാണ് അവരുടെ ശ്രമങ്ങളെന്നും അവർ വിമർശിച്ചു. താനിനി ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് രണ്ടുമണിക്കൂറിനകമാണ് ഫെഫ്കയിൽ നിന്ന് പുറത്താക്കിയത്. ഇപ്പോൾ കോടതി കുറ്റവിമുക്തനാക്കിയതോടെ സംഘടനയിലേക്ക് തിരികെ വരാൻ ദിലീപിന് അവകാശമുണ്ടെന്നായിരുന്നു ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം. കോടതി വിധി നേരത്തേ എഴുതിവെച്ചതാണെന്നും അതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിട്ടില്ലെന്നുമാണ് വിധി വന്ന ദിവസം ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. കൈയിൽ കിട്ടിയ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും സാക്ഷികൾ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്. ഇപ്പോഴും ഞാൻ അവളോടൊപ്പം തന്നെയാണ്. മരണം വരെ അവളോടൊപ്പം നിൽക്കും. അതിജീവിത ഇതുവരെ അനുഭവിച്ച ട്രോമയൊക്കെ മതി. ഇത്തരത്തിലുള്ള അനുഭവങ്ങളെ അതിജീവിക്കുന്ന പെൺകുട്ടികൾക്ക് മാതൃകയായാണ് ഈ കേസിൽ അവൾ നിലകൊണ്ടതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
xzcxzxz
