മധ്യപ്രദേശിൽ ബി.ജെ.പി. മന്ത്രിയുടെ സഹോദരൻ 46 കിലോ കഞ്ചാവുമായി പിടിയിൽ
ഷീബ വിജയ൯
ബോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിൽ 46 കിലോ കഞ്ചാവുമായി ബി.ജെ.പി. മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രിയെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ പങ്കജ് സിങ്ങിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറൗൺഹ ഗ്രാമത്തിലെ പങ്കജിന്റെ വസതിയിൽ നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 9.22 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മന്ത്രിയുടെ സഹോദരീ ഭർത്താവായ ശൈലേന്ദ്ര സിങ് രജാവത്തിന്റേതാണ് എന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. മയക്കുമരുന്ന് കള്ളക്കടത്തിൽ ബന്ധുക്കൾ പ്രതിയായതിലുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രകോപനപരമായാണ് മറുപടി നൽകിയത്. അറസ്റ്റിലായ പ്രതികളെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
qwasadsadse
