ഇൻഡിഗോ പ്രതിസന്ധി; വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
ശാരിക / ന്യൂഡൽഹി
ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്. ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 45,000 രൂപയായും ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയായും ഉയർത്തിയാണ് വിമാനക്കമ്പനികളുടെ ചൂഷണം.
സമാനമായി മറ്റ് റൂട്ടുകളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ലഭ്യമല്ല. നാളെ (ശനിയാഴ്ച) രണ്ട് സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ സർവീസിന് 62,000 രൂപയും എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 45,000 രൂപയുമാണ്. ഇന്ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുണ്ട്, ഇതിന് 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് ഇൻഡിഗോയ്ക്ക് തിരിച്ചടിയാകുന്നത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ഈ ചട്ടം നവംബർ ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. ചട്ടം നടപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടായ വീഴ്ചകളിലേക്കാണ് ഈ പ്രതിസന്ധി വിരൽചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകൾ ആരോപിച്ചു.
മൂന്ന് ദിവസത്തിനിടെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള ഏകദേശം 550 സർവീസുകളാണ് റദ്ദാക്കിയത്.
sfsdf
