ചുമ മരുന്ന് കഴിച്ച രണ്ടു കുട്ടികള്‍ കൂടി മരിച്ചു, മരണം 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍


ഷീബ വിജയൻ

ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയര്‍ന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കോള്‍ഡ്രിഫ് എന്ന മരുന്ന് കഴിച്ച കുട്ടികളാണ് മരിച്ചത്.

ഈ കഫ് സിറപ്പില്‍ വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്. മരുന്നില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചു.

ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവാദ കഫ് സിറപ്പ് കുട്ടികള്‍ക്ക് കുറിച്ചു കൊടുത്ത ഡോക്ടറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്‌വാരയിലെ പരാസിയയില്‍ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്.

സര്‍ക്കാര്‍ ഡോക്ടറായ പ്രവീണ്‍ സോണി തന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികള്‍ക്കാണ് ചുമ മരുന്ന് കുറിച്ചു കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചുമയ്ക്കുള്ള മരുന്നായ കോള്‍ഡ്രിഫിന്റെ നിര്‍മ്മാതാക്കളായ തമിഴ്‌നാട് കാഞ്ചീപുരത്തെ സ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

article-image

aa

You might also like

Most Viewed