വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധക്കടലായി തലസ്ഥാനം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

ഷീബ വിജയൻ
ന്യൂഡൽഹി I വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി 300 എംപിമാരാണ് മാർച്ചിൽ പങ്കെടുത്തത്. രാവിലെ 11.30 ഓടെ പാർലമെന്‍റിൽനിന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാൽനടയായി ആരംഭിച്ച മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽവച്ച് ഡൽഹി പോലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. ഇതിനു പിന്നാലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ വാഹനത്തിലിരുന്നും ഇവർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പോലീസ് വാഹനത്തിലേക്ക് കയറിയത്. മാർച്ചിനിടെ മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള എംപിമാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രതിഷേധത്തിനിടെ മിതാലി ബാഗ് എംപി കുഴഞ്ഞുവീണു.രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സത്യം രാജ്യത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യം വിജയിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചു.
asdadsas