മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക വക്താവിനെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ശാരിക
മുംബൈ l മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന ആരതി അരുണ്‍ സതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം. 2025 ജൂലൈ 28ന് നടന്ന യോഗത്തിലാണ്, അജിത് ഭഗവന്ത്‌റാവു കഡേഹങ്കര്‍, ആരതി അരുണ്‍ സതേ എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.
ബോംബെ ഹൈക്കോടതിയിലെ മുതിർന്ന വനിത അഭിഭാഷകരിൽ ഒരാളാണ് ആരതി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പൊതുവേദിയില്‍ ഭരണകക്ഷിക്ക് വേണ്ടി വാദിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണെന്ന് എംഎല്‍എയും എന്‍സിപി (എസ്പി) ജനറല്‍ സെക്രട്ടറിയുമായ രോഹിത് പവാര്‍ പറഞ്ഞു. ഇത്തരം നിയമനങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തിൽ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. ഹൈബി ഈഡനാണ് നോട്ടിസ് നൽകിയത്. അതേസമയം ആരതി അരുണ്‍ സതേയുടെ പാര്‍ട്ടി ബന്ധം ബിജെപി സമ്മതിച്ചെങ്കിലും ഇപ്പോള്‍ പാര്‍ട്ടി അംഗമല്ലെന്നാണ് നിലപാട്. ഒന്നര വർഷം മുമ്പ് സത്തേ, തന്റെ പാർട്ടി അംഗത്വം അവസാനിപ്പിച്ചുവെന്നാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായ പറയുന്നത്. ഇപ്പോള്‍ അവർക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
േ്ിേി