ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം; ആധാർ കാർഡും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ

ഷീബ വിജയൻ
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രിംകോടതിക്ക് വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ കാർഡും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ വ്യക്തമാക്കി. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ ഉൾപ്പെടുത്തണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് നിലപാട് മാറ്റം. അതേസമയം വോട്ടർ പട്ടികയിലെ പരിഷ്‌കരണം തുടരാമെന്നും കോടതി വ്യക്തമാക്കി. വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തുടർവാദം കേൾക്കുന്നത് ജൂലൈ 21ലേക്ക് മാറ്റി.
അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാൽ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാർശ്വവത്കൃതരെയും പട്ടികയിൽനിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ജൂൺ 24നാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരിക്കൽ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതിനുമുൻപ് 2003ലാണ് സമഗ്രപരിഷ്‌കരണം വന്നത്.
ASDSADS