മുഖ്യമന്ത്രിയെ യു.ഡി.എഫ് തീരുമാനിക്കും, തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം വ്യക്തമാക്കട്ടെ ; കെ. മുരളീധരൻ

ഷീബ വിജയൻ
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽവന്നാൽ തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂർ എം.പിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫാണല്ലോ മുഖ്യമന്ത്രിയാകുക. സർവേയിൽ വേറെയാര് മുന്നിൽ വന്നാലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അപ്പോഴല്ലേ മുഖ്യമന്ത്രിയെ തീരുമാനിക്കുക. തരൂർ ഏത് പാർട്ടിയിലാണെന്ന് ആദ്യം അദ്ദേഹം തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയാകുന്നത് അതിനുശേഷം തീരുമാനിക്കാം. ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫിൽ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയിൽ മുൻതൂക്കമുള്ള എം.എൽ.എയെ മുഖ്യമന്ത്രിയാക്കും. പാർട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന അഭിപ്രായക്കാരാണ് ഞങ്ങൾ. അടിയന്തരാവസ്ഥ കേരളത്തെ ബാധിച്ചിട്ടില്ല. അന്ന് ഭംഗിയായി കാര്യങ്ങൾ നടത്തിയ സംസ്ഥാനത്തൊക്കെ കോൺഗ്രസ് ജയിച്ചിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തിന് അത്തവണയാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചത്. 140ൽ 111 നിയമസഭാ സീറ്റുകളും 20ൽ 20 ലോക്സഭാ സീറ്റുകളും കോൺഗ്രസ് നേടി. ആന്ധ്രയിലും കർണാടകയിലും കോൺഗ്രസ് വലിയ വിജയം നേടി. അടിയന്തരാവസ്ഥയുടെ സാഹചര്യം ഇന്ദിര ഗാന്ധി അന്നുതന്നെ വിശദീകരിച്ചിരുന്നു. ആ അധ്യായം അപ്പോഴേ അടച്ചതാണെന്നും മുരളീധരൻ പറഞ്ഞു.
ASDFFDS