ബജ്രംഗ്ദൾ നേതാവിന്റെ കൊലപാതകം; സംഘർഷഭൂമിയായി മംഗളൂരു

ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്നുപേർക്ക് വെട്ടേറ്റു. ഹൈന്ദവ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സംഘർഷ ഭൂമിയാകുകയാണ് ദക്ഷിണ കന്നഡ മേഖല. നിരവധി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
ഇന്നലെ അർദ്ധരാത്രിയിലും ഇന്ന് പുലർച്ചെയുമായി ഉടുപ്പി, ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേർക്ക് വെട്ടേറ്റിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനായി കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചു. സുഹാസ് ഷെട്ടിയുടെ കൊലപാതകികളെകുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
2022ൽ സൂറത്ത്കലിൽ നടന്ന ഫാസിലിന്റെ കൊലപാതകത്തിന്റെ പ്രതികാരമായിട്ടാണോ ഈ കേസ് എന്ന സംശയത്തിലാണ് പൊലീസ്. അടുത്തിടെയാണ് ഈ കേസിൽ സുഹാസ് ഷെട്ടി ജാമ്യത്തിൽ ഇറങ്ങിയത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിൻ്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് ഫാസിലും കൊല്ലപ്പെടുന്നത്.
rg grsdegaswaeq