ബാപ്കോ റിഫൈനിങ്ങ് കമ്പനിയിൽ ചോർച്ച; രണ്ട് പേർ മരണപ്പെട്ടു


മനാമ : ബഹ്‌റൈൻ റിഫൈനിംഗ് കമ്പനിയിലെ (ബാപ്‌കോ) ഒരു യൂണിറ്റിലെ സുരക്ഷാ വാൽവിൽ ഇന്ന് രാവിലെ ഒരു ചോർച്ചയുണ്ടായതുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. ചോർച്ചയെത്തുടർന്ന് രണ്ട് ജീവനക്കാർ മരിക്കുകയും മൂന്നാമത്തെ ജീവനക്കാരൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും കമ്പനി വക്താക്കൾ വ്യക്തമാക്കി. മരണപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ദൗർഭാഗ്യകരമായ അപകടത്തിൽ മരണപ്പെട്ട രണ്ട് ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് കമ്പനി അനുശോചനവും പിന്തുണയും അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെയും സിവിൽ ഡിഫൻസിലെയും എമർജൻസി ടീമുകളും ബാപ്‌കോ റിഫൈനിംഗ് കമ്പനിയിലെ വിദഗ്ധ എമർജൻസി ടീമും പ്രോട്ടോക്കോളുകൾ അനുസരിച്ച് സംഭവത്തിൽ ഇടപെട്ടുവെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു.

ചോർച്ച നിയന്ത്രണവിധേയമാക്കുകയും ജീവനക്കാരുടെയും കരാറുകാരുടെയും സുരക്ഷയ്ക്കും പരിസര മലിനീകരണം തടയുന്നതിനും ഊന്നൽ നൽകി സുരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു. ആവശ്യമെങ്കിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ എമർജൻസി ടീമുകൾ സജ്ജമാണെന്നും കമ്പനി സ്ഥിരീകരിച്ചു.

You might also like

Most Viewed