ബിജെപിക്കാർ അഹങ്കാരികൾ ,അതിനാല്‍ രാമന്‍ 240 സീറ്റില്‍ നിര്‍ത്തി; വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ്


2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തെ വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം അഹങ്കാരമാണെന്ന് ഇന്ദ്രേഷ് കുമാര്‍ വിമർശിച്ചു. ഭഗവാനെ ആരാധിക്കുന്നവര്‍ ക്രമേണ അഹങ്കാരികളായിത്തീര്‍ന്നു. ആ പാര്‍ട്ടി ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അഹങ്കാരത്താല്‍ രാമന്‍ അവരെ 240 സീറ്റില്‍ നിര്‍ത്തിയെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ജയ്പൂരിനടുത്തുള്ള കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബിജെപി പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് നേരത്തേ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വിമര്‍ശിച്ചിരുന്നു. യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാവില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുകയെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസംഗത്തിലാണ് പാര്‍ട്ടിയ്ക്ക് മോഹന്‍ഭാഗവത് ഉപദേശം നല്‍കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ല. നിങ്ങളുടെ എതിരാളി ഒരു എതിരാളിയല്ല, അവന്‍ പ്രതിനിധീകരിക്കുന്നത് ഒരു എതിര്‍ വീക്ഷണത്തെ മാത്രമാണ്. യഥാര്‍ഥ സേവകന്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും മാന്യതപുലര്‍ത്തും. അത്തരത്തിലുള്ളവര്‍ അവരുടെ ജോലിചെയ്യുമ്പോള്‍ തന്നെ അതില്‍ അഭിരമിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

article-image

dfsfdfx 

You might also like

Most Viewed