റോഡ്ഷോക്ക് അനുമതിയില്ല, പ്രവേശനം ക്യു.ആർ. കോഡ് വഴി; വിജയിയുടെ പുതുച്ചേരി പരിപാടിക്ക് കർശന നിയന്ത്രണം
ഷീബ വിജയ൯
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനുമായ വിജയ് പുതുച്ചേരിയിൽ നടത്തുന്ന പരിപാടിക്ക് കർശന നിയന്ത്രണം. ഡിസംബർ ഒമ്പതിന് നടക്കുന്ന പരിപാടിക്കാണ് സർക്കാർ കർശനനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിയിൽ 5,000-ത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്. ക്യു.ആർ. കോഡ് പാസ് വഴി മാത്രമാകും പരിപാടിയിലേക്കുള്ള പ്രവേശനം.
വിജയ് ഉപ്പളം എക്സ്പോ ഗ്രൗണ്ടിൽ രാവിലെ പത്ത് മണിക്കും 12നും ഇടയിലാകും ആളുകളുമായി സംവദിക്കുക. പുതുച്ചേരി പോലീസ് വിജയിക്ക് റാലിക്കുള്ള അനുമതി നിഷേധിച്ചു. പൊതുയോഗത്തിന് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ടി.വി.കെ. നൽകുന്ന ക്യു.ആർ. കോഡ് പാസുള്ളവർക്ക് മാത്രമാവും പരിപാടിയിലേക്ക് അനുമതിയുണ്ടാവുവെന്ന് എസ്.പി. കലൈവാണൻ പറഞ്ഞു. സമീപപ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ദയവായി പരിപാടി നടക്കുന്ന വേദിക്ക് സമീപത്തേക്ക് എത്തരുതെന്നും നിർദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, വയോധികർ, അംഗവൈകല്യം സംഭവിച്ചവർ എന്നിവർ പരിപാടിക്കെത്തരുതെന്നും അഭ്യർഥനയുണ്ട്. വിജയിയുടെ വാഹനത്തെ പാർട്ടി അംഗങ്ങളും ആരാധകരും പിന്തുടരാൻ പാടില്ലെന്നും നിർദേശമുണ്ട്.
പുതുച്ചേരി മറീനക്ക് സമീപമാണ് പരിപാടിക്കെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്. സംഘാടകർ കുടിവെള്ളം, ശൗചാലയങ്ങൾ, ആംബുലൻസ്, ഫസ്റ്റ് എയ്ഡ്, മെഡിക്കൽ സംഘം എന്നിവയെ വേദിക്ക് സമീപം ഒരുക്കണമെന്നും നിർദേശമുണ്ട്. നേരത്തെ ടി.വി.കെയുടെ കരൂരിൽ നടന്ന പരിപാടിക്കിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
gfddrfrtsd
