കുവൈത്ത് അമീറിന് യുഎസ് പ്രസിഡന്റിന്റെ ഉന്നത ബഹുമതി


 

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് യുഎസ് പ്രസിഡന്റിന്റെ 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡർ' ബഹുമതി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അമീര്‍ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഉന്നത ബഹുമതി നല്‍കി ആദരിക്കുന്നതെന്ന് അമീരി ദിവാന്‍കാര്യ മന്ത്രി ശൈഖ് അലി അല്‍ ജര്‍റാഹ് അല്‍ സബാഹ് പറഞ്ഞു.
അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈത്ത് അമീറെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ കുവൈത്ത് നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. സമാനതകളില്ലാത്തതാണ് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ 40 വര്‍ഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യമെന്നും പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ഇത് നിര്‍ണായകമായെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.
മറ്റ് രാഷ്ട്രത്തലവന്‍മാര്‍ക്ക് അമേരിക്ക നല്‍കുന്ന അപൂര്‍വ്വ ബഹുമതിയാണ് 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡർ'. അമീറിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പുരസ്‌കാരം ഏറ്റുവാങ്ങി. 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡർ' ബഹുമതി 1991ലാണ് അവസാനമായി നല്‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed