കുവൈത്തിലുള്ള ഫിലിപ്പീൻസുകാർ തിരികെ വരണമെന്ന് ആവർത്തിച്ച് ഫിലിപ്പീൻസ് പ്രസിഡണ്ട്
കുവൈത്ത് സിറ്റി : കുവൈത്തിലുള്ള ഫിലിപ്പീൻസുകാർ തിരികെ വരണമെന്ന് ആവർത്തിച്ച് ഫിലിപ്പീൻസ് പ്രസിഡണ്ട്് റൊഡ്രിഗോ ഡ്യൂടേർട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പീൻസ് പ്രസിഡണ്ടിന്റെ ആഹ്വാനം. ദേശസ്നേഹത്തിന്റെ വെളിച്ചത്തിൽ എല്ലാവരും തിരികെ വരണമെന്നും രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു. ‘മോശപ്പെട്ട വാർത്ത പങ്കുവയ്ക്കാനുണ്ട്’ എന്ന മുഖവുരയോടെയായിരുന്നു പ്രസിഡണ്ട് നാട്ടുകാരോട് സംവദിച്ചത്.
അതേസമയം കുവൈത്തിൽ കഴിയുന്ന ഫിലിപ്പീൻസുകാരെ പ്രയാസപ്പെടുത്തരുതെന്നും മനുഷ്യർ എന്ന നിലയിലുള്ള പരിഗണന അവർക്കു നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ളവരെ തിരിച്ചുകൊണ്ടുവരുന്നതിനായി പണം ശേഖരിക്കും. ചൈനയിൽ നിന്ന് അതിനാവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മുഴുവൻ ഫിലിപ്പീൻസുകാരെയും രാജ്യത്ത് തിരിച്ചെത്തിച്ച ശേഷമാകും കുവൈത്തുമായുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രസിഡണ്ടിന്റെ നിലപാട് ദീർഘവീക്ഷണമില്ലാത്തതാണെന്ന് മുതിർന്ന സെനറ്റർ റിസ ഹോണ്ടിവെറോസ്. പ്രസ്താവന പിൻവലിച്ച് പ്രസിഡണ്ട് ചർച്ചയുടെ വഴിയിലേക്കു മടങ്ങണമെന്നു ഫിലിപ്പീൻസ് കുടിയേറ്റ സംഘടനയും അഭ്യർത്ഥിച്ചു. കുവൈത്തിലേക്കുള്ള റിക്രൂട്മെന്റിനു പ്രസിഡണ്ട് പ്രഖ്യാപിച്ചതു സ്ഥിരം നിരോധനമല്ലെന്ന വിശദീകരണവുമായി തൊഴിൽ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോയും രംഗത്തെത്തി. കുവൈത്തിലുള്ള രണ്ടര ലക്ഷത്തിലേറെ ഫിലിപ്പീൻസുകാർ സ്വദേശത്തേക്കു തിരിച്ചുവരണമെന്നു സിംഗപ്പൂരിൽ ആവശ്യപ്പെട്ട പ്രസിഡണ്ട് റൊഡ്രിഗോ ഫിലിപ്പീൻസിൽ തിരിച്ചെത്തിയശേഷം മനിലയിലും അത് ആവർത്തിക്കുകയായിരുന്നു.
കുവൈത്തിലേക്കുള്ള റിക്രൂട്മെന്റ് നിരോധനം എന്നന്നേക്കുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഗാർഹികത്തൊഴിലാളിയുടെ മൃതദേഹം ഫ്രീസറിൽ കണ്ട സംഭവത്തെ തുടർന്നു ഫെബ്രുവരിയിലാണ് പ്രസിഡണ്ട് കുവൈത്തിലേക്കുള്ള റിക്രൂട്മെന്റിനു നിരോധനം പ്രഖ്യാപിച്ചത്. എങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ തൊഴിൽ കരാർ രൂപപ്പെടുത്തുന്നതിനുള്ള നടപടികൾ അണിയറയിൽ സജീവമായി പുരോഗമിക്കുന്നുമുണ്ടായിരുന്നു.
അതിനിടെയാണ് ഫിലിപ്പീൻസുകാരിയായ ഗാർഹികത്തൊഴിലാളിയെ സ്പോൺസറുടെ വീട്ടിൽനിന്ന് ഫിലിപ്പീൻസ് എംബസി നിയോഗിച്ചവർ രക്ഷപ്പെടുത്തി കൊണ്ടുപോയ നടപടി വിവാദമായത്. തുടർന്നു ഫിലിപ്പീൻസ് സ്ഥാനപതിയെ പുറത്താക്കാൻ കുവൈത്ത് തീരുമാനിക്കുകയും ചെയ്‌തു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് കുവൈത്തിലുള്ള മുഴുവൻ ഫിലിപ്പീൻസുകാരും തിരിച്ചുവരണമെന്നു റൊഡ്രിഗോ ആവശ്യപ്പെട്ടത്.
അതേസമയം വിദേശങ്ങളിൽ കഴിയുന്ന ഫിലിപ്പീൻസുകാരുടെയും സ്വദേശത്തുള്ള അവരുടെ കുടുംബത്തിന്റെയും സുരക്ഷയും ക്ഷേമവുമാണ് സർക്കാർ പരിഗണിക്കേണ്ടത്. ഒരാൾക്കു ജോലി നൽകാനുള്ള കരാർ ഒപ്പിടാതെയാണ് പ്രസിഡണ്ട് രണ്ടരലക്ഷം ആളുകളുടെ ജോലിക്കാര്യം ഉറപ്പു നൽകുന്നത്. കയറ്റുമതി ചെയ്‌ത മനുഷ്യശേഷിയാണ് രാജ്യത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ല് എന്നിരിക്കെ അത്രയുമാളുകൾ തിരിച്ചെത്തുന്നതിന്റെ പ്രയാസം പ്രസിഡണ്ട് ഉൾക്കൊള്ളുന്നില്ലെന്നും സെനറ്റർ റിസ ഹോണ്ടിവെറോസ് പറഞ്ഞു.

