ഇവർ നഗരം ഉറങ്ങു­ന്പോ­ഴും ഉണർ­ന്നി­രി­ക്കു­ന്നവർ.... ഇന്ന് ലോ­ക തൊ­ഴി­ലാ­ളി­ ദി­നം


മനാമ : തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഒരിക്കൽ കൂടി ഓർ‍മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനം വന്നെത്തുന്പോൾ തൊഴിലാളി ദിനമൊന്നും ആഘോഷമാക്കാൻ കഴിയ്യാത്ത വലിയൊരു തൊഴിലാളി സമൂഹം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി രാജ്യത്തെന്പാടും ഉണർന്നിരിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾക്കെല്ലാമപ്പുറത്ത് ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന നൂറ്കണക്കിന് തൊഴിലാളികളാണ് ബഹ്‌റൈനിലെ ശുചീകരണ രംഗത്ത് പ്രവർത്തിക്കുന്നത്. 

നഗരം നിദ്രയിലായിരിക്കുന്പോഴും തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തി വരുന്ന ശുചീകരണ തൊഴിലാളികളുടെ ജോലി വളരെയധികം കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയുമാണ്. രാജ്യത്തെ നഗര സഭകളിലെ ശുചീകരണ പ്രവർത്തി ഏറ്റെടുത്ത് നടത്തുന്ന കന്പനികൾക്ക് കീഴിലാണ് ഇത്തരം തൊഴിലാളികൾ ജോലി ചെയ്യുന്നത്. നഗരം ഉറങ്ങിക്കഴിയുന്പോൾ മാത്രമേ ഇവരുടെ ഡ്യൂട്ടി ആരംഭിക്കുവാൻ കഴിയുകയുള്ളൂ. പലപ്പോഴും റോഡിലെ ഗതാഗതക്കുരുക്ക് കാരണം ഉദ്ദേശിച്ച സമയത്തും സ്ഥലത്തും ജോലി ചെയ്യുവാൻ തങ്ങൾക്ക് കഴിയാറില്ലെന്ന് ഒരു തൊഴിലാളി പറഞ്ഞു. നഗര മാലിന്യങ്ങൾ നിക്ഷേപിക്കാനായി സ്ഥാപിച്ച വീപ്പകൾ നിറഞ്ഞ അവസ്ഥയിലായിരിക്കും മിക്കയിടത്തും ഉണ്ടാവുക. മാലിന്യങ്ങളുടെ കൂടെയാണ് ഒരു ദിവസത്തെ ഡ്യൂട്ടി സമയം മുഴുവനും ഉണ്ടാകുന്നത് എന്നതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇത്തരം തൊഴിലാളികൾക്ക് ഉണ്ടാകുന്നുണ്ട്. എട്ട് മണിക്കൂറാണ് ഡ്യൂട്ടി എങ്കിലും അത്രയും സമയം കൊണ്ട് ഒരിക്കലും ജോലി ചെയ്ത് തീർക്കാൻ കഴിയാറില്ലെന്നും ഒരു തൊഴിലാളി പറഞ്ഞു. തങ്ങൾക്ക് ചെയ്ത് തീർക്കേണ്ടുന്ന ജോലി രാവിലെ ആകുന്നതിന് മുൻപ് എടുത്ത് തീർക്കേണ്ടതിനാൽ പലപ്പോഴും വിശ്രമിക്കാൻ പോലും സമയം ലഭിക്കാറില്ലെന്നും ഇവർ പറയുന്നു. 

ചീഞ്ഞ് നാറുന്ന മാലിന്യങ്ങൾ റോഡിലേയ്ക്കും, വീപ്പകൾക്ക് പുറത്തും മാലിന്യം വലിച്ചെറിയാതെ കൃത്യമായ പോയിന്റുകളിലെങ്കിലും നിക്ഷേപിക്കണമെന്ന് മാത്രമാണ് ഇവരുടെ അഭ്യർത്ഥന. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരവർക്ക് തന്നെ ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ശുചീകരണ തൊഴിലാളികൾ ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed