സൗദിയിൽ കടകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള നിർദ്ദേശം ഉന്നതാധികാര സമിതിക്ക് സമർപ്പിച്ചു
റിയാദ് : സൗദിയിൽ കടകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം, അംഗീകാരത്തിനായി ഉന്നതാധികാര സമിതിക്ക് സമർപ്പിച്ചു. അർദ്ധരാത്രി വരെ പ്രവർത്തിച്ചിരുന്ന കടകൾ, രാത്രി ഒന്പത് മണിക്കുതന്നെ അടയ്ക്കാനാണ് നിർദ്ദേശം. വനിതകളടക്കം കൂടുതൽ പേരെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനാണ് നടപടി.
കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതൽ രാത്രി ഒന്പത് മണി വരെയാക്കാനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ നിർദ്‍ദേശം അംഗീകാരത്തിനും പുനഃപ്പരിശോധനയ്ക്കുമായി ഉന്നതാധികാര സമിതിക്ക് സമർപ്പിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബൽ ഖൈൽ അറിയിച്ചു. നേരത്തെ ഈ നിർദ്ദേശം അംഗീകാരത്തിനായി സമർപ്പിച്ചിരുന്നുവെങ്കിലും വിശദമായ പഠനം നടത്താൻ സമിതി നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം വീണ്ടും പഠനം നടത്തിയതിനു ശേഷമാണ് പുതിയ റിപ്പോർട്ട് തൊഴിൽ മന്ത്രാലയം തയ്യാറാക്കിയത്. രാത്രി ഒന്പത് മണിക്ക് തന്നെ കടകൾ അടയ്ക്കുന്നതിൽ നിന്ന് ചില മേഖലകളെ ഒഴിവാക്കാനും നിർദ്‍ദേശമുണ്ട്. ഫാർമസി, ഹറം പള്ളികളുടെ പരിസരത്തുള്ള കടകൾ തുടങ്ങിയവ ഇതിൽ പെടും.
റമദാൻ മാസത്തിലും പ്രവൃത്തി സമയത്തിൽ ഇളവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ അർദ്ധരാത്രി വരെ ഭൂരിഭാഗം കടകളും പ്രവർത്തിക്കാറുണ്ട്. ഇതുകാരണം സൗദി വനിതകൾ ഉൾപ്പെടെയുള്ളവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് പുതിയ നിർദ്ദേശത്തിന്റെ പ്രധാന ലക്ഷ്യം. ഏറെക്കാലമായി സമയമാറ്റത്തെ കുറിച്ച ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിനു ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാൽ സൌദികളും രാജ്യത്തെ വിദേശികളും ഏറെ കാലമായി പിന്തുടരുന്ന ജീവിത ശൈലി തന്നെ മാറും.

