കുവൈത്തിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിൽ വർദ്ധനവ്: ജൂലൈയിൽ മാത്രം 156 പരാതികൾ
ശാരിക
കുവൈത്ത് സിറ്റി: ജൂലൈ മാസത്തിൽ 156 സാമ്പത്തിക തട്ടിപ്പ് പരാതികളിൽ നടപടിയെടുത്തതായി കുവൈത്ത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ മൂന്നിൽ രണ്ടു പങ്കും വ്യാജ വെബ്‌സൈറ്റ് ലിങ്കുകളും ഫോൺ കോളുകളും വഴിയുള്ളതായിരുന്നു.
ഇതിൽ വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ വഴി 54 കേസുകളും, വ്യാജ ഫോൺ കോളുകളിലൂടെയുള്ള 52 തട്ടിപ്പ് കേസുകളും, വാട്‌സ്ആപ്പ് വഴി 26 കേസുകളും, മറ്റ് സോഷ്യൽ മീഡിയ മാർഗ്ഗങ്ങളിലൂടെ 24 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സിട്രയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ 70-ഉം മെയ് മാസത്തിൽ 250-ഉം തട്ടിപ്പ് പരാതികളാണ് ലഭിച്ചിരുന്നത്. അതിൽ ഭൂരിഭാഗവും വ്യാജ വെബ്‌സൈറ്റുകൾ വഴിയായിരുന്നു.
സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ഫോൺ കോളുകളോ ലഭിച്ചാൽ ഉടൻ തന്നെ അതോറിറ്റിയെ അറിയിക്കണമെന്ന് സിട്ര അഭ്യർഥിച്ചു. യാതൊരു കാരണവശാലും ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, വ്യക്തിഗത വിവരങ്ങളോ, ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പറുകളോ അപരിചിതരുമായി പങ്കുവെക്കരുതെന്നും, ഇത് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനും പണം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

