കുവൈത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നു
കുവൈത്ത് സിറ്റി : കുവൈത്തിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ കുട്ടികളുടെ സംരക്ഷണ വിഭാഗം തയ്യാറാക്കിയ സ്ഥിതി വിവരക്കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം കുവൈത്തിൽ കുട്ടികൾക്കെതിരെ 60 ലൈംഗികാതിക്രമ സംഭവങ്ങൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
616 സംഭവങ്ങളാണ് ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 232 ശാരീരിക പീഡനങ്ങളും 182 കുട്ടികളോടുള്ള അവഗണനയും 60 ലൈംഗിക പീഡനങ്ങളുമാണ്. കുടുംബാംഗങ്ങളിൽ നിന്നാണ് കുട്ടികൾ അധികവും പീഡനങ്ങൾ നേരിടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകളിൽനിന്നും വീട്ടിലെ ജോലിക്കാരിൽനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികളോടുള്ള മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിന്, വേണ്ടിവന്നാൽ പുതിയ നിയമനിർമ്മാണത്തെ കുറിച്ച് ആലോചിക്കുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വകുപ്പ് മേധാവി ഡോ. മുന അൽ ഖവാരി അറിയിച്ചു.

