ഷൂട്ടിംഗ് പരിശീലകനെതിരെ പോക്‌സോ കേസ്; അങ്കുഷ് ഭരദ്വാജിനെ സസ്‌പെൻഡ് ചെയ്തു
ഷീബ വിജയൻ
ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത ഷൂട്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ പിസ്റ്റൾ ഷൂട്ടിംഗ് കോച്ച് അങ്കുഷ് ഭരദ്വാജിനെ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) സസ്‌പെൻഡ് ചെയ്തു. ഹരിയാന പോലീസാണ് പരിശീലകനെതിരെ കേസെടുത്തത്. ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ മത്സരത്തിന് ശേഷം ഫരീദാബാദിലെ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നതെന്ന് 17 വയസ്സുകാരിയായ ഷൂട്ടർ പരാതിപ്പെട്ടു. പ്രകടനം വിലയിരുത്താനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും, വിവരം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി.
സംഭവത്തിൽ പോക്‌സോ നിയമത്തിലെ സെക്ഷൻ 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകൾ പ്രകാരം ഫരീദാബാദ് വനിതാ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. മറ്റൊരു വനിതാ ഷൂട്ടറും ഇതേ പരിശീലകനെതിരെ സമാനമായ ആരോപണം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ.
ആരോപണം ഉയർന്നതിന് പിന്നാലെ അങ്കുഷ് ഭരദ്വാജിനെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി എൻആർഎഐ സെക്രട്ടറി ജനറൽ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ ഇയാൾക്ക് പുതിയ ചുമതലകളൊന്നും നൽകില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
deffdedffd

