സൗദിയിൽ നിന്നും ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ ഇന്ത്യൻ എംബസി വഹിക്കും
റിയാദ് : സൗദിയിൽ വെച്ച് മരിക്കുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ ഇന്ത്യൻ എംബസി വഹിക്കും. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഇന്ത്യൻ എംബസി വളണ്ടിയർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗത്തിൽ സംസാരിക്കവേ ഇന്ത്യൻ അംബാസിഡർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് വേണ്ട എംബാമിംഗ് ഉൾപ്പെടെയുള്ള മുഴുവൻ ചിലവുകളും എംബസി വഹിക്കുമെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
6000 റിയാലാണ് എംബാമിംഗിന് വരുന്ന ചിലവ്. യാത്രക്കും മറ്റുമായി 1500 റിയാലോളം വരും. ഈ തുകയാണ് എംബസി വഹിക്കുകയെന്ന് എംബസി ഉദ്യോഗസ്ഥർ വിശദീകരിച്ചു.
സാധാരണ ഗതിയിൽ മരണപ്പെടുന്ന വ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട ചിലവുകൾ വഹിക്കേണ്ടത് സ്‌പോൺസറിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ സ്‌പോൺസർമാർ കയ്യൊഴിയുന്ന സാഹചര്യത്തിൽ ബന്ധുക്കൾക്കോ സന്നദ്ധ പ്രവർത്തകർക്കോ എംബസിയെ സമീപിക്കാവുന്നതാണ്. ഇത്തരം കേസുകളിൽ എംബസി എയർ ഇന്ത്യയുമായി ചേർന്ന് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ മുഴുവൻ ചിലവുകളും വഹിക്കും.

