നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജി സംശയനിഴലിലെന്ന് നിയമോപദേശം; ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്


ഷീബ വിജയൻ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെയും ദിലീപിനെ വെറുതെ വിട്ട നടപടിക്കെതിരെയും ഗുരുതരമായ പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ (ഡിജി) നിയമോപദേശം. വിധിയിൽ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നും തെളിവുകൾ വിലയിരുത്തുന്നതിൽ ഇരട്ടത്താപ്പ് കാണിച്ചെന്നുമാണ് നിയമോപദേശത്തിലെ പ്രധാന ആരോപണം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയനിഴലിലായ ജഡ്ജിക്ക് ഈ കേസിൽ വിധി പറയാൻ നിയമപരമായി അർഹതയില്ലെന്നും ഡിജി ചൂണ്ടിക്കാട്ടി.

ദിലീപിനെതിരായ ശക്തമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതി പക്ഷപാതപരമായി തള്ളി. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ സ്വീകരിച്ച തെളിവുകൾ പോലും ദിലീപിന്റെ കാര്യത്തിൽ കോടതി സ്വീകരിച്ചില്ല. ദിലീപിന്റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന് വ്യക്തമായ സൂചനകളുണ്ടായിട്ടും അവരെ കോടതി തടഞ്ഞില്ലെന്ന് മാത്രമല്ല, വിധിയിൽ അവരെ അനുമോദിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയതായും നിയമോപദേശത്തിൽ കടുത്ത വിമർശനമുണ്ട്.

ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടത്. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് കോടതി 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് സർക്കാർ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകളും അപ്പീലിൽ പ്രധാന ആയുധമാക്കും. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ ചൂണ്ടിക്കാട്ടി അടുത്ത ആഴ്ചയോടെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

article-image

aasasassd

You might also like

  • Lulu Exchange
  • Straight Forward

Most Viewed