അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന ശക്തമാക്കി
പിടിയിലാകുന്നവരെ കരിന്പട്ടികയിൽ പെടുത്തി നാടുകടത്തും
കുവൈത്ത് സിറ്റി : അനധികൃ−ത താമസക്കാർക്ക് രാജ്യം വിടാൻ കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അധികൃതർ രാജ്യത്ത് പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ രേഖകളനുസരിച്ച് കുവൈത്തിൽ 1,54,000 അനധികൃത താമസക്കാരുണ്ടായിരുന്നു. ഇതിൽ 50,000ത്തോളം പേർ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ശേഷിക്കുന്നവർക്കായി അധികൃതർ തിരച്ചിൽ ശക്തമാക്കി.
പരിശോധനയിൽ പിടിയിലാകുന്നവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി വിരലടയാളം പതിച്ച് പിന്നീടൊരിക്കലും രാജ്യത്ത് വരാനാകാത്തവിധം നാട് കടത്താനാണ് തീരുമാനം. ഇനി അടുത്ത കാലത്തൊന്നും പൊതുമാപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നും അധികൃതർ സൂചന നൽകി.
അതേസമയം 14000ത്തോളം ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലെ കണക്കുകളനുസരിച്ച് 11,000 എമർജൻസി സർട്ടിഫിക്കറ്റുകളാണ് പൊതുമാപ്പ് കാലയളവിൽ അനുവദിച്ചത്. രാജ്യത്ത് 30,000ത്തോളം ഇന്ത്യക്കാരാണ് നിയമം മറികടന്ന് താമസിച്ചിരുന്നത്. അവരിൽ പകുതിയിലധികവും രാജ്യത്ത് തുടരുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികൾക്കായി സർക്കാർ പൊതുമാപ്പ് പ്രഖാപിച്ചത്. ജനുവരി 29ന് ഒരു മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചതെങ്കിലും പിന്നീടത് ഈ മാസം 22 വരെ നീട്ടുകയായിരുന്നു.
