പൊതുമാപ്പിന്റെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതുമാപ്പിന്റെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് പോകുന്നവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുമെന്നുംവീണ്ടും കുവൈത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്നും പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിൽ താമസാനുമതിപ്രവേശന വകുപ്പിന്റെ ഡയറക്ടർ ജനറൽ കേണൽ ഹമദ് റഷീദ് അൽ ത്വലാഹ് അറിയിച്ചു. പൊതുമാപ്പ് കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നും അതിനാൽ ഇപ്പോഴത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാനോ ഇഖാമ സാധുതയുള്ളതാക്കാനോ തിടുക്കം കാണിക്കേണ്ടതില്ലെന്നുമാണു മറ്റൊരു പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണ്.
പൊതുമാപ്പിൽ കുവൈത്തിൽ നിന്ന് പോകുന്നവരുടെ വിരലടയാളം എടുത്തിട്ടല്ല അയയ്ക്കുന്നത്. അത് കൊണ്ടുതന്നെ അവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുന്നുമില്ല. കരിന്പട്ടികയിൽ ഉൾപ്പെടുത്താത്ത കാലത്തോളം നിയമാനുസൃതം കുവൈത്തിൽ തിരിച്ചെത്തുന്നതിന് ഒരു തടസ്സവും ഇല്ല.
പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കും. പൊതുമാപ്പ് കാലാവധി കഴിഞ്ഞു പിടിയിലായാൽ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയാണ് നാടുകടത്തുകയെന്നും ത്വലാഹ് മുന്നറിയിപ്പ് നൽകി.


