വ്യാജ വീഡിയോകളും തട്ടിപ്പ് സന്ദേശങ്ങളും; ബഹ്‌റൈനിൽ ജാഗ്രതാനിർദ്ദേശം, നിയമലംഘകർക്ക് 10 വർഷം തടവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് ഭീതി പടർത്തുന്നതിനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുമായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്കും ലിങ്കുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആന്റി കറപ്‌ഷൻ ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും വഴി പൊതുജനാഭിപ്രായത്തെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ വിദേശശക്തികൾ ശ്രമിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് അശാന്തി പടർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഭക്ഷണ വിതരണ ആപ്പുകളുമായി ബന്ധപ്പെട്ട് പുതിയ തരം സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർന്നുവെന്നും ഹാക്കിംഗ് ഒഴിവാക്കാൻ കാർഡുകൾ ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന രീതിയും സജീവമാണ്. മന്ത്രാലയം ഒരിക്കലും ഫോണിലൂടെ സി.പി.ആർ നമ്പറോ ഒ.ടി.പി വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ സൈനിക നീക്കങ്ങളെക്കുറിച്ചുള്ളതോ ആയ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ഗൗരവകരമായ കുറ്റകൃത്യമാണ്. ഇത്തരക്കാർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകൾക്കും വ്യാജപ്രചാരണങ്ങൾക്കും എതിരെ കർശനമായ നിരീക്ഷണം തുടരുകയാണ്.
edaeswqwaee



