ബഹ്‌റൈനിൽ ഷേരി, സാഫി, ആന്താഖ് മത്സ്യബന്ധന നിരോധനം ബുധനാഴ്ച മുതൽ; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ ഷേരി, സാഫി, ആന്താഖ് എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിനുള്ള വാർഷിക നിരോധനം ഈ ബുധനാഴ്ച (ഏപ്രിൽ 1) മുതൽ നിലവിൽ വരും. മെയ് 31 വരെയാണ് നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) അറിയിച്ചു. രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സമുദ്രജീവികളുടെ വൈവിധ്യം നിലനിർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ രണ്ട് മാസത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധന കാലയളവിൽ അബദ്ധത്തിൽ വലയിൽ കുടുങ്ങുന്ന ഈ ഇനം മത്സ്യങ്ങളെ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരിച്ചുവിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കോടതി മുഖേന കർശന നടപടികൾ സ്വീകരിക്കും. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കടലിൽ പരിശോധന ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. നിലവിൽ കൊഞ്ച് പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും ജൂലൈ 31 വരെയും, ഞണ്ട് പിടിക്കുന്നതിന് മെയ് 15 വരെയും നിരോധനം തുടരുന്നുണ്ട്.
അതേസമയം, പൂർണ്ണമായ നിരോധനത്തിന് പകരം ശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മത്സ്യബന്ധനം അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സൊസൈറ്റി ആവശ്യപ്പെട്ടു. നിലവിലെ നിരോധനം തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സെപ്റ്റംബർ മാസങ്ങളിൽ കുഞ്ഞു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും സൊസൈറ്റി സെക്രട്ടറി ഫായിസ് അൽ അരീസ് അഭിപ്രായപ്പെട്ടു.
eqwrefrwdsdfrs



