ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് : ഭാഗ്യം വീണ്ടും മലയാളിക്ക്
ദുബൈ : ദുബൈ ഡ്യൂട്ടി ഫ്രീ നടുക്കെടുപ്പിലും ഭാഗ്യം തേടിയെത്തിയത് മലയാളിയെത്തന്നെ. ദുബൈ ഡ്യൂട്ടിഫ്രീയുടെ ജനുവരിയിലെ നറുക്കെടുപ്പിൽ ഏകദേശം ആറര കോടി രൂപ (10 ലക്ഷം യു.എസ് ഡോളർ) സമ്മാനം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി ടോംസ് അറയ്ക്കൽ മണി(38)ക്ക് ലഭിച്ചു.
ടോംസ് എടുത്ത 263 സീരീസിലെ 2190 നന്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദുബൈയിലെ ഒരു സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന ടോംസ് ഡിസംബറിലാണ് നറുക്കെടുത്തത്. സമ്മാനം ലഭിച്ചതായി വിശ്വസിക്കാനേ സാധിക്കുന്നില്ലെന്ന് ടോംസ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിത്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അബുദാബി ബിഗ് നറുക്കെടുപ്പിൽ മലയാളികളായ അഞ്ച് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് 17 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
ദുബൈ ഡ്യൂട്ടി മില്ലെനിയർ പ്രമോഷന്റെ 1999 മുതൽ നടന്ന നറുക്കെടുപ്പുകളിൽ 124 ഇന്ത്യക്കാർ ജേതാക്കളായിട്ടുണ്ട്.


