കുവൈറ്റിൽ ആകാശ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണു; വൈദ്യുതി തടസ്സപ്പെട്ടു
പ്രദീപ് പുറവങ്കര I ഗൾഫ്
കുവൈറ്റ് സിറ്റി: ആകാശമാർഗ്ഗമുള്ള പ്രതിരോധ നടപടികൾക്കിടെ ആകാശത്തുനിന്നും അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഈ സംഭവത്തിൽ ഏഴ് ഓവർഹെഡ് പവർ ലൈനുകളാണ് പ്രവർത്തനരഹിതമായതെന്ന് കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. ഇതേത്തുടർന്ന് രാജ്യത്തെ ചില പ്രധാന മേഖലകളിൽ പെട്ടെന്ന് വൈദ്യുതി തടസ്സപ്പെട്ടെങ്കിലും ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, വരും മണിക്കൂറുകളിൽ രാജ്യത്ത് വിവിധയിടങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ മന്ത്രാലയം നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങൾ കാലഹരണപ്പെട്ടതും വസ്തുതാവിരുദ്ധവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.



