കഴിഞ്ഞ വർഷം കുവൈത്ത് സർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയത് ഒന്നരലക്ഷം പേർക്ക്
കുവൈത്ത് സിറ്റി : കഴിഞ്ഞ വർഷം ഒന്‍പത് മാസത്തിനിടെ കുവൈത്തിൽ ഒന്നര ലക്ഷത്തോളം പേർക്ക് നീതിന്യായ മന്ത്രാലയം യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതിൽ ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ യാത്രാവിലക്കിൽ കുടുങ്ങിയത് സ്വദേശികളും പ്രവാസികളുമായ പതിനായിരം പേരുണ്ടെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
ബാങ്കുകളിലും വ്യക്തികളിലും സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ വാങ്ങിയ ശേഷം തിരിച്ചടയ്ക്കാതിരിക്കുക, വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് പ്രതിമാസ പറ്റുവരവിൽ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതിരിക്കുക തുടങ്ങിയ സാന്പത്തിക കുറ്റകൃത്യങ്ങൾക്കാണ് ഒന്നരലക്ഷത്തിലധികം പേർ കുവൈത്തിൽ യാത്രാവിലക്കിൽ കുടുങ്ങിയത്.
വ്യാജ വണ്ടിചെക്കുകൾ നൽകുന്ന കേസുകളിൽ പ്രതികളിൽ നിന്ന് പിഴ ശിക്ഷ ഈടാക്കുകയാണ് കുവൈത്തിലെ രീതി. ഈ തുക ഖജനാവിലേയ്ക്കാണ് മുതൽക്കൂട്ടുക. എന്നാൽ കക്ഷികൾ തങ്ങൾക്കു കിട്ടാനുള്ള തുകയ്ക്ക് സിവിൽ ഹർജി നൽകണം. ഇതോടെ സാന്പത്തിക തട്ടിപ്പുകാർ കുവൈത്ത് വിടാതിരിക്കാൻ കോടതി ഉത്തരവനുസരിച്ച് നീതിന്യായ ആഭ്യന്തരമന്ത്രാലയങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തും. കഴിഞ്ഞവർഷം പിഴയടച്ചശേഷം ബാധ്യതകൾ തീർത്ത 4000ൽപരം പേർ യാത്രാ വിലക്കു നീക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിനിടെ കുവൈത്തിലെ ഒന്നരലക്ഷത്തിലധികം വിദേശികൾക്ക് താമസരേഖകൾ ക്രമപ്പെടുത്താനോ രാജ്യം വിട്ടുപോകാനോ ഫെബ്രുവരി 22 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ താമസാകര്യ ഓഫീസുകളിൽ വൻ തിരക്കാണ്. മുപ്പതിനായിരം ഇന്ത്യാക്കാരാണ് അനധികൃത താമസക്കാരായി കുവൈത്തിലുള്ളത്. പൊതുമാപ്പ് പ്രഖ്യാപിച്ച ജനുവരി 24 മുതൽ ആറ് ദിവസങ്ങളിലായി താമസം നിയമപരമാക്കിയവരും രാജ്യം വിട്ടവരുമായ ഇന്ത്യക്കാർ 20,000 മാത്രമാണെന്ന് അധികൃതർ വെളിപ്പെടുത്തി.
പൊതുമാപ്പ് പ്രാബല്യത്തിലായ ആദ്യത്തെ രണ്ട് ദിവസങ്ങളിലായി അഞ്ഞൂറോളം ഇന്ത്യക്കാരാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ താമസം ക്രമപ്പെടുത്താനും നാടുവിടാനുമുള്ളവരുടെ വൻ പ്രവാഹമാണ് ഇന്ത്യൻ എംബസികളും എമിഗ്രേഷൻ ഓഫീസുകളും നിലവിൽ അനുഭവപ്പെടുന്നത്. അനധികൃത താമസക്കാരായ 1.54 ലക്ഷം പേരിൽ ഏറ്റവുമധികം ഇന്ത്യക്കാരാണുള്ളത്. രണ്ടാം സ്ഥാനം പാകിസ്ഥാനാണ്.



